
കോഴിക്കോട്: പി.എ. മുഹമ്മദ് റിയാസുമായി അടുപ്പമുള്ള ഐ.ടി വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിരുന്ന കോഴിക്കോട്ടെ ബാങ്ക് ലോക്കറിലാണ് കഴിഞ്ഞദിവസം പരിശോധന നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഇ.ഡി ഉദ്യോഗസ്ഥർ പരിശോധിച്ച് തിട്ടപ്പെടുത്തി.
പരിശോധനയിൽ 50 പവൻ സ്വർണം കണ്ടെത്തിയതായാണ് വിവരം. റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഫെബീഷിന്റെ ലോക്കറും പരിശോധിച്ചതെന്നാണ് സൂചന.
അതേസമയം, പി.എ. മുഹമ്മദ് റിയാസിന് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരികയാണ് ഇ.ഡി. റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി അയച്ച കത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1.2 കോടി രൂപ ദുബായിലുള്ള ഫൈജാസ് വി.പിക്ക് അയച്ചുനൽകിയതായി വാരിസ് മൊഴി നൽകിയെന്നാണ് കത്തിലെ പരാമർശം.
റിയാസുമായി ബന്ധമുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇ.ഡി. കൂടുതൽ പരിശോധനകളും വിവരശേഖരണവും തുടരുന്നതായാണ് വിവരം.










